Sunday, June 24, 2007

ഒരു യു.എസ് വീരഗാഥ

ബ്ലോഗിങ്ങ് തുടങ്ങി ആദ്യത്തെ ഇന്റ്ര്നാഷണല്‍ യാത്ര ആയതിനാല്‍ ഒരു പത്തു പോസ്റ്റിനുള്ള കഥയും കൊണ്ടേ തിരിച്ചെത്തുകയുള്ളൂ എന്നൊരു ശപഥം ഞാനെടുത്തിരുന്നു. രാത്രി 1.45 നുള്ള ഫ്ലൈറ്റിനായി ഏകദേശം 11 മണിയോടെ ബാഗ്ലൂര്‍ എയര്‍‌പ്പോര്‍ട്ടില്‍ എത്തി. ബോര്‍ഡിങ്ങ് പാസ് എടുത്ത് സെക്യൂരിറ്റി ചെക്കും ഇമിഗ്രേഷനും കഴിഞ്ഞ് കൊതുകുകടിയും കൊണ്ട് വെറുപ്പു പിടിച്ച് ഇരിക്കുമ്പോഴാണ് എന്തെങ്കിലും എഴുതാമെന്നു വച്ചു പുത്തകം കയ്യിലെടുത്തത്. പക്ഷേ എവിടെ കോണ്‍സണ്ട്രേഷന്‍ കിട്ടാന്‍ ?..ചുറ്റിലും കളറുകള്‍ ഇന്റ്ര്നാഷണലും ഇന്ട്രാനാഷണലും.

ചെവിട്ടില്‍ മോബൈല്‍ ഒട്ടിപോയ ഒരു പാവം ചേച്ചി...നമ്മളീതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ജോസിഗിഫ്റ്റിനെ പോലെ നിര്‍വ്വികാര മുഖവുമായി ചിലര്‍....വെടിക്കെട്ടില്‍ ചരിഞ്ഞു പൊട്ടിയ കതിന തലയിലേയ്ക്കു വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്ന നില്‍ക്കുന്ന ജീവികളെപോലെ കുറെ ഫസ്റ്റ് ടൈം ഫ്ലൈയേര്‍സ്..അനിക്സ്പ്രേയുടെ പരസ്യത്തിലെ “പൊടി” മാറ്റി “തുണി” എന്നാക്കിയാല്‍ എങ്ങനെയോ അതുപോലെ വസ്ത്രം ധരിച്ച കുറെ മദാമ്മമാര്‍ ..വയസുകാലത്തു മക്കളോടൊത്തു താമസിക്കാനുള്ള മോഹവുമായി അമേരിക്കയിലേയ്ക്ക് കുടിയേറുന്ന ചില വൃദ്ധമാതാപിതാക്കള്‍ അങ്ങനെ പല പല കാഴ്ച്ചകള്‍

സമയം 12.45 ആയി. ഇനിയും ഒരു മണിക്കുര്‍ ..ചെറുതായി വിശന്നു തുടങ്ങിയിരിക്കുന്നു...സാദാരണ മാധുരി ഗ്രാന്‍ഡില്‍ നിന്ന് ആന്ദ്രാ മീല്‍‌സോ അല്ലെങ്കില്‍ പഞ്ചാബി ധാബയില്‍ നിന്ന് തവാ റൊട്ടിയും ബിന്ദി ഫ്രൈയ്യുമൊ ഒക്കെ കഴിച്ച് തംബുരു വിഴുങ്ങിയപോലെ നില്‍ക്കാറുള്ള ഞാന്‍ ഇനി ഫ്ലൈറ്റില്‍ വച്ച് പ്രകൃതിയുടെ വിളിവന്നാല്‍ എന്തു ചെയ്യും എന്ന ആശങ്കയില്‍ ഡിന്നര്‍ ഒരു മസാലദോശയില്‍ ഒതുക്കിയിരുന്നു.. ഫ്ലൈറ്റിലെ യൂറോപ്യന്‍ ക്ലോസറ്റിന്ടെ മുകളില്‍ കയറി തവളയെ പോലെ ഇരിക്കുമ്പോള്‍ വല്ല എയര്‍ പോക്കറ്റിലും വീണു ഫ്ലൈറ്റൊന്നു കുലുങ്ങിയാല്‍ കഴിഞ്ഞില്ലേ കാര്യം..പിന്നെ ഊരിയെടുക്കല്‍ ഒരു ചടങ്ങാകും.

1.45നു ലുഫ്താന്‍സയുടെ ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. കിങ്ഫിഷറിലെയും ജെറ്റിലേയും കാര്യങ്ങളൊക്കെ ആലോചിച്ച് പല പല പ്രതീക്ഷകളോടെ കയറിയ ഞാന്‍ നട്ടപാതിരയ്ക്കു ഗുഡ്മോര്‍ണിങ് പറഞ്ഞ അമ്മച്ചി ഹോസ്റ്റ്സിനെ കണ്ട് കഷ്ടപ്പെട്ടൊരു പുഞ്ചിരി മുഖത്തു വരുത്തി.

ബാഗ്ലൂരിനു റ്റാറ്റയും പറഞ്ഞു ഇരുന്നു പതുക്കെ ഒന്നു മയങ്ങി വന്നപ്പോഴാണ് ഒരു ശബ്ദം..

സര്‍ വുഡ് യു ലൈക്ക് റ്റു ഹാവ് വെജ് മീല്‍‌സ് ഓര്‍ നോണ്‍ വെജ് മീ‍ല്‍‌സ്?..

സമയം നോക്കിയപ്പോള്‍ രാത്രി മൂന്നു മണി..അങ്ങനെ ജീവിതത്തിലാദ്യമായി നട്ടപ്പാതിരയ്ക്കു മീല്‍‌സ് കഴിച്ചു. പിന്നെ പതുക്കെ പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി ഡാലസ് ഫ്ലൈറ്റിന്റെ ടെര്‍മിനലില്‍ പോകാനായി സ്കൈ ട്രെയിനില്‍ കയറി..പക്ഷേ ഒരു സംശയം..ഇത് കറക്ട് ട്രെയിന്‍ ആണോ?..

“ഡെസ് ദിസ് ഗോ ടു ഗേറ്റ് സി09 ? ” ഞാന്‍ വേഗം ട്രെയിന്‍ ഓടിച്ചിരുന്ന നീഗ്രോയോട് ചോദിച്ചു.

“ആമ സര്‍ ഇതു അങ്കെ താന്‍ പോകും” നീഗ്രോ തിരിച്ചു പറഞ്ഞു..ഹാ..എന്തൊരു അത്ഭുതം..ജര്‍മ്മിനിയിലും തമിഴാണോ? അങ്ങനെ അന്തം വിട്ടു നില്‍ക്കുമ്പോഴുണ്ട് ഒരു അനൊണ്‍സ്മെന്റ്.

“യു അര്‍ റീച്ചിങ്ങ് ഫ്രാങ്ക് ഫര്‍ട്ട് ഇന്‍ 20 മിനിറ്റ്സ്..പ്ലീസ് ഫാസ്റ്റന്‍ യുര്‍ സീറ്റ് ബെല്‍റ്റ്സ്”.......സ്വപ്നമായിരുന്നോ?..

അങ്ങനെ ജര്‍മ്മന്‍ സമയം 7.30AM (ഇന്ത്യന്‍ സമയം 11AM ) ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി. ഡാലസ് ഫ്ലൈറ്റ് അതേ ടെര്‍മ്മിനല്‍ തന്നെ ആയിരുന്നതിനാല്‍ ട്രെയിന്‍ പിടിയ്ക്കേണ്ടി വന്നില്ല. ഇനി അടുത്ത ഫ്ലൈറ്റ് 10.05 ന്..അങ്ങനെ വീണ്ടും ഇന്റ്ര്നാഷണല്‍ മൌത്ത് ലുക്കിങ്ങിലേയ്ക്ക്...

10 മണിയോടെ ഡാലസ് ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. ഏതെങ്കിലും മദാമ്മ തരുണീമണികളെ സഹസീറ്റുകാരിയായി സ്വപനം കണ്ടിരുന്ന എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് ഒരു “തടിച്ചു കൊഴുത്തു കറുത്തു മെലിഞ്ഞ” സുന്ദരകോമളന്‍ നീഗ്രോ എന്റെ അടുത്തു വന്നിരുന്നു.

“ഹൈ”

ഞാനും “ഹൈ“

“ചണ്ടര്‍‌കൊണ്ടാണിടെനുസ്കൊട്ണി”

വാട്ട്?

തിരിച്ചും അതേ വാചകം..ഒരു മാറ്റവുമില്ല..ഇനിയിപ്പോ എന്റെ ഇംഗ്ലീഷിലുള്ള “പാണ്ഡിത്യം” അങ്ങേരെ കൂടി അറിയിക്കേണ്ട എന്നു വിചാരിച്ചു, ഒരു 70 എം എം ചിരിയോടെ പറഞ്ഞു.

“യെസ്”

“ഓ യെസ്..കണ്ടനുമ്മി മാ‍നോകിമിസി“

“നോ”

പിന്നെയുള്ള എല്ലാത്തിനും മാറ്റി മാറ്റി യെസ് - നോ -യെസ് എന്നൊക്കെ തട്ടി..കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ യെസും-നോയും എല്ലാം കേട്ട് അങ്ങേര്‍ക്ക് ബോറഡിച്ചെന്നു തോന്നുന്നു..ഒരു ഗ്ലാസ് വോഡ്കയും വേടിച്ചടിച്ച് അങ്ങേര് തിരിഞ്ഞു കിടന്നു ഫീസായി.

പുറത്തെ മേഘപടലങ്ങളിലേയ്ക്ക് കണ്ണും നട്ടു ഞാനും ഇരുന്നു.

(തൊടരും)