Wednesday, October 17, 2007

വെറ്റില മണക്കുന്ന പാലും മത്തിക്കറിയും - ഒരോര്‍മ്മ

എന്റെ മനസില്‍ ഏറ്റവും നിറഞ്ഞുനില്‍ക്കുന്നതും എന്നെ ഗൃഹാതുരത്വത്തിലേക്ക് തള്ളിവിടുന്നതുമായ ഓര്‍മ്മകള്‍ അച്ചന്റെ തറവാടിനെ ചുറ്റിപറ്റിയാണ്..

രസകരമായിരുന്നു ആ കാലം. വര്‍ഷാവസാനമാകുമ്പോഴേക്കും തറവാട്ടില്‍ പോകുന്നതിന്റെ സന്തോഷത്തിലായിരിക്കും. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് അന്തപ്പന്‍ ചേട്ടന്റെ കടയുടെ മുന്നില്‍ കാത്തു നിന്ന് പൂശണ്ടോനെ തരം പോലെ പൂശി ആ വര്‍ഷത്തെ കണക്കെല്ലാം വീട്ടി ഒരോട്ടമായിരിക്കും വീട്ടിലേയ്ക്ക്..പിന്നെ പോകാനുള്ള കാത്തിരിപ്പ്..

മിക്കവാറും ഒരാഴ്ച്ചക്കുള്ളില്‍ തന്നെ ഞാന്‍ എക്സ്പോര്‍ട്ടു ചെയ്യപ്പെടും ചാപ്പാറയുള്ള(കൊടുങ്ങല്ലൂര്‍)തറവാട്ടിലേയ്ക്ക്. (അതിന്റെ ഗുട്ടന്‍സ് ഇതുവരെയും എനിക്കു പിടികിട്ടിയിട്ടില്ല). പിന്നെയും ഒരു ഒന്നു രണ്ടു ആഴ്ച്ച കഴിഞ്ഞേ അച്ചനും അമ്മയും എത്താറുള്ളൂ.

സാധാരണ ഞാനായിരിക്കും ആദ്യം അവിടെ എത്തുക. ബാക്കിയുള്ള ഗ്യാങ്ങ് വരുന്നതു വരെ അമ്മാമക്ക് കറിയിലിടാനായി ചെമ്മീന്‍പുളി പറിച്ചുകൊടുക്കുക, പറമ്പില്‍ നിന്ന് കശുനണ്ടി പെറുക്കുക, ആടുകള്‍ക്ക് പ്ലാവില സംഘടിപ്പിക്കുക, ചെമ്മീന്‍ കിള്ളുമ്പോള്‍ സഹായിക്കുക തുടങ്ങിയ പുണ്യ പ്രവര്‍ത്തികളീലായിരിക്കും ഞാന്‍. ഇതെല്ലാം കൊണ്ട് വേറെ ചില ഗുണങ്ങളുമുണ്ടായിരുന്നു. പിള്ളാര്‍ക്ക് വിളമ്പുമ്പോള്‍ വലിയ മീന്‍ എനിക്ക്, പത്തിരിയാണെങ്കില്‍ ഒരെണ്ണം കൂടുതല്‍ അങ്ങനെ പലതും. പാല്‍, മുട്ട ബിസിനസ് കഴിഞ്ഞാലുള്ള പിന്നത്തെ അമ്മാമയുടെ വരുമാനമാര്‍ഗ്ഗമായിരുന്നു ചെമ്മീന്‍ കിള്ളല്‍. അവര്‍ ഒരു നല്ല കുക്കായിരുന്നു, ഒരു മീന്‍ കറി സ്പെഷലിസ്റ്റ്. അതിന്റെ രസം ഒന്നു വേറെ തന്നെയാണ്. ഇതുവരെക്കും ഒരിടത്തു നിന്നും അത്രയും സ്വാദ് ഉള്ള കറി കഴിച്ചിട്ടില്ല.

അച്ചാച്ചന് ആകെയുണ്ടായിരുന്ന ദുശ്ശിലം വെറ്റിലമുറുക്കലായിരുന്നു. ഉറങ്ങുമ്പോളൊഴികെ ബാക്കി എല്ലാ സമയത്തും മുറുക്കികൊണ്ടേയിരിക്കും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കാണുന്നതിനാലാണെന്നു തോന്നുന്നു, അച്ചാച്ചന് എന്നോട് എന്തോ പ്രത്യകം സ്നേഹം ഉണ്ടായിരുന്നു..അതായിരുന്നു എന്റെ ഏറ്റവും വല്യ പ്രശ്നവും. സ്ഥിരമായി കാലത്ത് പാലു കുടിക്കുന്ന ആളാണ് അച്ചാച്ചന്‍..അതും ഒരു വലിയ മൊന്തയില്‍..എന്നു വച്ചാ‍ ഒരു നാലു ഗ്ലാസ് പാല്‍. എന്നോടുള്ള ഇഷ്ടം കൊണ്ട് മിക്കവാറും ദിവസം ഒരു മുക്കാ‍ല്‍ മൊന്ത കുടിച്ച ശേഷം ബാക്കി എനിക്കു തരും..കുടിക്കാതിരിക്കാന്‍ യാതൊരു തരോല്യാ..പിന്നെ കണ്ണടച്ച് ഒരൊറ്റ കുടിയായിരിക്കും..പലപ്പോഴും ആ പാലിന് വെറ്റിലമുറുക്കിയതിന്റെ മണമുണ്ടായിരുന്നോ?

ചെറിയച്ചന്റെ റൂമിന് പഴയ സിനിമകളിലെ വില്ലന്‍ സെറ്റപ്പാണ്. അവിടെയും ഇവിടെയും പല ജാതി കളറുള്ള ബള്‍ബുകള്‍ പിന്നെ കുറെ സ്പീക്കറുകള്‍ ..റേഡിയോകള്‍..അങ്ങനെ പലതും. ആളൊരു ഇലക്ടോണിക്സ് ഐടിഐ കാ‍രനായിരുന്നു.ഒരിക്കല്‍ കൌതുകം മൂത്ത് ഏതൊ ലൈവ് വയറില്‍ തൊട്ട് ഷോക്കടിച്ചതില്‍ പിന്നെ അങ്ങോട്ടേക്ക് തിരിഞു നോക്കിയിട്ടേയില്ല.

പിന്നെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂത്ത അമ്മായിയുടെ രണ്ടു സന്തതികള്‍, രണ്ടാമത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍, പിന്നത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍‍, പിന്നത്തെ അമ്മായിയുടെ രണ്ടു സന്തതികള്‍ ഒക്കെ കൂടി ഒരു വലിയ ഗ്യാങ്ങ് തൃശൂര്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്ന് എക്സ്പോര്‍ട്ടു ചെയ്യപ്പെടും..

പിള്ളേരെല്ലാം എത്തിയാപ്പിന്നെ മുഴുവന്‍ ബഹളമായി. ഒളിച്ചുകളി,കുട്ടിം കോല്,പടവെട്ട്,തമ്മീതല്ല്,ഗോലികളി തുടങ്ങിയവ കൊണ്ട് വീട് മുഖരിതമാവും. ക്രിക്കറ്റ് എന്നൊന്നും കേട്ടിട്ടേയില്ല അന്ന്. അവിടെ അടുത്തു തന്നെ ഒരു വലിയ ചെമ്മീന്‍ കെട്ടുണ്ട്. മിക്കവാറും ദിവസങ്ങളില്‍ വെയിലാറുന്നതോടെ ഞങ്ങളുടെ ഗ്യാങ്ങ് ചെമ്മീന്‍ കെട്ടിനടുത്തേക്ക് ഷിപ്റ്റ് ചെയ്യും. കുറച്ചു കൂടി സ്വാതന്ത്രം..അലറാം..അമറാം..കൂവാം..പിന്നെ ദേഷ്യം വന്നാല്‍ പച്ച തെറി ഉറക്കെ വിളിച്ചു പറയാം അങ്ങനെ പലഗുണങ്ങളുണ്ട്. ചില ദിവസങ്ങളിലെ പ്രധാന പണീ ഞണ്ടുകളെ ഉപദ്രവിക്കലാണ്.അവറ്റകള്‍ മണ്ണീ‍ലുണ്ടാക്കുന്ന കുഴിയിനടുത്ത് ഈര്‍ക്കിലികൊണ്ട് കുടുക്ക് വച്ച്, പുറത്തെക്ക് വരുന്ന സമയത്ത് ഒരൊറ്റവലി. മിക്കവാറും എണ്ണം രക്ഷപ്പെടും ചില മണ്ടന്‍ ഞണ്ടുകള്‍ കുടുങ്ങുകയും ചെയ്യും.

അക്കാലത്ത് ഐസ് എന്നത് ഒരു കൌതുകവസ്തുവാണ്. ചെമ്മീന്‍ കെട്ടിലെ ഐസ് ഫാക്ടറിയില്‍ ചെന്ന് അച്ചാച്ചന്റെ പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി ഐസിന്റെ ഒരു കൊച്ചു കഷണം കിട്ടുമ്പോള്‍ ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു.

വെള്ളത്തിലിറങ്ങരുതെന്ന് ഉത്തരവുള്ളതിനാല്‍ വെള്ളത്തിലിറങ്ങാന്‍ ഒരു പ്രത്യക താല്പര്യം ആയിരുന്നു. ഒരു ദിവസം പതിവുപോലെ ചെമ്മീന്‍ കെട്ടിലെത്തിയപ്പോളുണ്ട് അവിടെ ഒരു വള്ളം കെട്ടിയിരിക്കുന്നു. സമീപത്താണെങ്കില്‍ ഒരു പൂച്ചകുഞ്ഞിനെയും കാണാനില്ല. എന്നാ പിന്നെ ഒന്നു കേറിയാലോ..പകുതിപേര്‍ റെഡി. പതുക്കെ പടവുകളിറങ്ങി കയറുവലിച്ച് അത് തീരത്തോട് അടുപ്പിച്ചു. സീനിയോരിറ്റി വച്ച് ആദ്യത്തെ അമ്മായീടെ സന്തതികള്‍,പിന്നത്ത് രണ്ട് സന്തതികള്‍,പിന്നെ ഞാനും കേറി ഇരിപ്പുറച്ചു. ബാക്കിയുള്ളവര്‍ കാഴ്ച്ചക്കാര്‍. ഒന്നു സ്ഥലം മാറി ഇരിക്കാമെന്നു വച്ച് എഴുന്നേറ്റപ്പോഴേക്കും വള്ളം ഇളകി എന്റെ ബാലന്‍സ് പോയി..ഞാന്‍ ദേ കിടക്കുണു വെള്ളത്തില്‍ ഫ്ലാറ്റായി. ഇതു കണ്ട് ബാക്കിയുള്ളവരും എഴുന്നേറ്റു. വള്ളം മറിഞ്ഞ് അവരും എനിക്കു കമ്പനി തന്നു. സത്യം പറയാ‍ലോ, അരക്കൊപ്പം വെള്ളമെ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇത്തിരി വെള്ളം കുടിച്ചു പോയി.

കരക്കുനിന്നിരുന്ന സാമദ്രോഹികള്‍ ഇതെല്ലാം വള്ളിപുള്ളി വ്യത്യാസമില്ലാതെ അച്ചാച്ചന് എത്തിച്ചുകൊടുത്തു. നനഞ്ഞു കുതിര്‍ന്ന തുണിയുമായി വീട്ടില്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങള്‍ക്കു സ്വീകരണം നല്‍കാന്‍ എല്ലാവരും മുന്‍ വശത്തു തന്നെ ഉണ്ടായിരുന്നു :)

അങ്ങനെ രസകരമായ ഓര്‍മ്മകള്‍.

അച്ചാച്ചനും അമ്മാമയും ഞങ്ങളെ വിട്ടുപോയി. തറവാടു വീട് ഭാഗപ്പെട്ടു. കസിന്‍സ് പലരും പലവഴിക്കായി. ഇപ്പോള്‍ ചിലരെ കണ്ടിട്ടു തന്നെ വര്‍ഷങ്ങളായിരിക്കുന്നു.

പക്ഷേ ഇപ്പോഴും ഞാനോര്‍ക്കുന്നു വെറ്റില മുറുക്കിയ മണമുള്ള പാലും ആ മത്തിക്കറിയുടെ ടേസ്റ്റും....

--------------------------------------
ഡെഡിക്കേഷന്‍: പ്രവാസികളുടെ മക്കള്‍ക്ക്

അച്ചാച്ചനും അമ്മാമയും ആരാണെന്നു ചോദിച്ചാല്‍ അച്ചന്റെ/അമ്മയുടെ റിലേറ്റീവ്സ് എന്നു പറയുന്ന കുട്ടികള്‍.. കളിയെന്നു വച്ചാല്‍ ക്രിക്കറ്റെന്നു പറയുന്ന കുട്ടികള്‍..മഹാനഗരങ്ങളില്‍ ശീതികരിച്ച ചുവരുകള്‍ക്കുള്ളില്‍ ഇരുന്നു കമ്പൂട്ടര്‍ ഗെയിംസ് കളിച്ച്, മേദസ്സു നിറഞ്ഞ ചീര്‍ത്ത ശരീരവുമായി വളരുന്ന കുട്ടികള്‍..മാതൃഭാഷ ഏതാണെന്നു ചോദിച്ചാല്‍ മല്യാളം എന്നു പറയുന്ന കുട്ടികള്‍..

ഇവര്‍ക്കെല്ലാം..