Saturday, December 29, 2007

റോങ്ങ് നമ്പര്‍..

ഒരു ദിവസം വീട്ടിലേക്കു വിളിച്ചപ്പോഴാണു ക്ലാസ്മേറ്റായിരുന്ന സന്തോഷിനു ആക്സിഡന്റ് ആയെന്നും കുണ്ടായി മറിയ ത്രേസ്യാ ഹോസ്റ്റ്പിറ്റലില്‍ അഡ്മിറ്റാ‍ണെന്നും വിവരം കിട്ടിയത്.അവന്റെ വീ‍ട്ടിലേക്കു വിളിച്ചിട്ടു കിട്ടാത്തതിനാല്‍ നെറ്റില്‍ നിന്നും ഹോസ്പിറ്റലിന്റെ നമ്പര്‍ തെരഞ്ഞുപിടിച്ച് വിളിച്ചു. നീണ്ട പരിശ്രമത്തിനൊടുവില്‍ ലൈന്‍ കിട്ടി. ആക്സിഡന്റില്‍ പെട്ട് അഡ്മിറ്റായ സന്തോഷിന്റെ റൂമിലേക്ക് കണക്ടുചെയ്യണമെന്ന അപേക്ഷയില്‍ അവരെനിക്കൊരു ഹോള്‍ഡ് ഓണ്‍ മ്യൂസിക് ഇട്ടു തന്നു വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. മ്യൂസിക് വളരെ അരോചകമായിരുന്നു. ബീഥോവന്റെ മഹത്തായ സൃഷ്ടി ആയിരുന്നെങ്കിലും കേട്ടു കേട്ടു വല്ലാതെ ബോറഡിച്ചു തുടങ്ങിയിരുന്നു.

മ്യൂസിക് മാറി ”ഹലോ“ എന്നൊരു ശബ്ദം കേട്ടപ്പോഴാണു ഞാന്‍ വീണ്ടും ബോധമണ്ഡലത്തിലേക്കു തിരിച്ചുവന്നതു. “ഇതു ഞാനാ..” എന്നു പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പു തന്നെ “മോനേ എന്നാടാ നീ വരുന്നേ...” എന്ന് ഒരു വയസ്സായ ശബ്ദം എന്നോടു ചോദിച്ചു. “അമ്മയ്ക്കു അസുഖം വളരെ കൂടുതലാ..“

റോങ്ങ് നമ്പറിലേക്കാണു കണക്ടു ചെയ്തിരിക്കുന്നതെന്നു മനസിലായെങ്കിലും ആ ശബ്ദത്തിലെ നിസ്സഹായതയും വാത്സല്യത്തോടെയുള്ള മോനേ... എന്നുള്ള വിളീയും മനസിനെ വല്ലാതെ സ്പര്‍ശിച്ചു.അതുകൊണ്ടു ഡിസ്കണ്ക്ട് ചെയ്തില്ല.

പിന്നെയും അദ്ദേഹം തുടര്‍ച്ചയായി സംസാരിച്ചു മകനോടാണെന്നു തെറ്റിദ്ധരിച്ച്. കുറച്ചു സമയം കൊണ്ടു തന്നെ കാര്യമെല്ലാം ഏകദേശം മനസിലായി. അവര്‍ തനിച്ചാണു താമസിക്കുന്നത്. അച്ഛനെ നോക്കാന്‍ അമ്മയും അമ്മയെ നോക്കാന്‍ അച്ഛനും. മകന്‍ മുബൈയില്‍ ആണ്..അവിടെ നിന്നു തന്നെ വിവാഹമെല്ലാം കഴിച്ച്, വല്ലപ്പോഴും ഹിന്ദിക്കാരിയായ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വരും. വല്ലപ്പോഴും മാത്രം വിളിക്കും.

“നിന്നെ കണ്ടു കൊണ്ടു കണ്ണടയ്ക്കണമെന്നാടാ ഞങ്ങളുടെ ആഗ്രഹം..“ അദ്ദേഹത്തിന്റെ ശബ്ദം ഇടറി.

വയസ്സായ മാതാപിതാക്കളെ വീട്ടിലോ വൃദ്ധസദനങ്ങളിലോ തനിച്ചാക്കി, മഹാനഗരങ്ങളില്‍ മുഖത്തു കൃത്രിമചിരിയും ഹാഷ്പോഷ് ഇംഗ്ലീഷും കൈയ്യില്‍ നുരയുന്ന ലഹരിയുമായി, കടമകളും ഉത്തരവാദിത്തങ്ങളും മറന്നു ജീവിക്കുന്ന് ഒരു തരം ജീവികള്‍ ഉണ്ടെന്നുള്ള സാ‍മാന്യബോധമുള്ളതിനാല്‍ എത്രയും പെട്ടെന്നു വരാമെന്നു പറഞ്ഞാണു ഞാന്‍ ഫോണ്‍ വെച്ചത്.ആന കൊടുത്താലും ആശ കൊടുക്കെരുതെന്ന പ്രമാണം മനസില്‍ ഉണ്ടായിരുന്നെങ്കിലും അസുഖമായി കിടക്കുന്ന ആ അമ്മയ്ക്ക് മകന്‍ വരുമെന്ന പ്രതീക്ഷ കുറച്ചെങ്കിലും ആശ്വാസം നല്‍കിയെങ്കിലോ...

ഇതു ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നു തോന്നുന്നു. തങ്ങളുടെ രണ്ടാം ബാല്യത്തില്‍ മക്കളുടെ തണലില്‍ ജീവിക്കണമെന്നും അന്ത്യശ്വാസം വലിക്കുമ്പോള്‍ മക്കള്‍ അടുത്തുണ്ടാകണമെന്നതും ഏതു മാതാപിതാക്കളുടെയും ആഗ്രഹമല്ലേ. പക്ഷേ പ്രവാസികള്‍ക്ക് ഈ കടമ നിറവേറ്റാന്‍ എത്രത്തോളം പറ്റും എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു...

**********************************************************************************
എല്ലാ ബൂലോകര്‍ക്കും സന്തോഷവും സമൃതിയും നിറഞ്ഞ നവ വത്സരം ആശംസിക്കുന്നു.

Monday, December 24, 2007

പിറന്നാള്‍ ആശംസകള്‍...

ഡിസംബര്‍, ഏറ്റവും പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്ന്...പലതു കൊണ്ടും..രാത്രിയിലെ നനുത്ത് തണുപ്പ്..പുലര്‍കാലെ ഇലകളിലുള്ള തുഷാരബിന്ദുക്കള്‍...മഞ്ഞിന്റെ നേര്‍ത്ത പാളികളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികള്‍..ഡിസംബര്‍ തുടങ്ങുന്നതോടെ നക്ഷത്രങ്ങള്‍ ഓരോന്നായി ഭൂമിയിലേക്കു താമസം മാറ്റുന്നു...

ഇന്നും വ്യക്തമായ ഓര്‍മ്മയുണ്ട്...വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ക്രിസ്മസ് രാത്രി. അമ്മയുടെ അടക്കി പിടിച്ച കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്. അച്ഛനെയാണെങ്കില്‍ കാണാനില്ല. കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴേക്കും അമ്മായി വന്ന് ആശ്വസിപ്പിച്ചു. മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു അതില്‍ നിന്നും കിതച്ചുകൊണ്ട് ഓടിവരുന്ന അച്ഛന്‍.

പിന്നെ എല്ലാവരും കാറില്‍ കയറി. കാര്‍ ശരവേഗത്തില്‍ പാഞ്ഞു.

കൃസ്തീയ ദേവാലയങ്ങളിലെല്ലാം പാതിരാ കുര്‍ബ്ബാനയുടെ സമയം..മാനത്തും മണ്ണിലും നിറഞ്ഞു മിന്നുന്ന നക്ഷത്രങ്ങള്‍..കൃസ്തീയ ഭവനങ്ങളുടെ മുറ്റത്തെല്ലാം പുല്‍ക്കൂടുകള്‍...പിന്നെ എപ്പോഴോ ഉറങ്ങിപോയി..

ഉണര്‍ന്നപ്പോള്‍ ഒരു ആശുപത്രിയിലാണ്..അമ്മായിയുടെ മടീയില്‍. അവരെന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ടു പോയി..നോക്കുമ്പോള്‍ അമ്മയുടെ തൊട്ടടുത്ത് ഒരു കൊച്ച് ഉണ്ണിവാവ...എന്റെ കൂടെ കളിക്കുന്നതിനും തല്ലുകൂടുന്നതിന്നും പിന്നെ എനിക്ക് കൊഞ്ചിക്കാനുമായി...എന്റെ കുഞ്ഞനിയത്തി....

ഉണ്ണിയേശുവിനോടൊപ്പം അവള്‍ക്കും പിറന്നാളാശംസകള്‍...

***********************************************************
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് പുതുവത്സര ആ‍ശംസകള്‍

Sunday, December 9, 2007

ടിവീടെ ബള്‍ബ്?

ടി വി എന്ന അത്ഭുതവസ്തു ആദ്യമായി കാണുന്നത് ഇരിങ്ങാലക്കുട വച്ചാണ്, രാജന്‍ ഡോക്ടറുടെ വീട്ടില്‍. ഒരു കൊച്ചു പെട്ടിക്കുള്ളില്‍ കിടന്ന് ആളുകള്‍ ഓടുന്നതും പാടുന്നതുമെല്ലാം കണ്ട് അന്തംവിട്ടു നിന്നു പോയി. പ്രോഗ്രാം കഴിഞ്ഞ് ഗ്രെയിന്‍സ് കണ്ടു തുടങ്ങിയപ്പോള്‍ ഓട്ടോ സ്റ്റോപ്പ് ഇല്ലാത്ത കാസെറ്റ് പ്ലേയറില്‍ നാട വലിഞ്ഞു പൊട്ടുന്ന പോലെ ഇതിലും സംഭവിക്കുമോ എന്നൊക്കെ‍ ആലോചിച്ചിട്ടുണ്ട്.

പിന്നെയും കുറേ കഴിഞ്ഞാണ് ഗള്‍ഫിലുള്ള മാമന്‍ ഒരെണ്ണം ഗള്‍ഫില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തത് തറവാട്ടു വീട്ടില്‍ പ്രതിഷ്ടിച്ചത്. 1986-87 കാലഘട്ടം. ദൂരദര്‍ശന്‍ വെളുപ്പിലും കറുപ്പിലും സം‌പ്രേക്ഷണം ചെയ്യുന്ന സമയം. അന്ന് ശനിയാഴ്ച്ചകളാണ് ഏറ്റവും ഇഷ്ടമുള്ള ദിവസം, കാരണം മലയാള സിനിമ ശനിയാഴ്ച്ചകളിലായിരുന്നു. ഒരു നാലു നാലരയാകുമ്പോള്‍ തന്നെ കുളിച്ചൊരുങ്ങി നില്‍ക്കും, മാ‍മന്റെ വീട്ടില്‍ പോകാന്‍.

മെറ്റല്‍ വിരിച്ച റോഡിലൂടെ അമ്മയെ അനുസരിക്കാതെ ഓടിച്ചാടി, പറമ്പിറോഡ് ഇറക്കവും പാടവും കഴിഞ്ഞ് കനാലിന്റെ അരികുപിടിച്ച് നടന്ന് അവിടെയെത്തുമ്പോഴേക്കും അഞ്ചു അഞ്ചരയാകും. അപ്പോഴേക്കും ടെസ്റ്റ് സിഗ്നല്‍ മാറി വളയങ്ങള്‍ കറങ്ങി തുടങ്ങിയിരിക്കും. പിന്നെ അരമണിക്കുര്‍ തുടര്‍ച്ചയായ പരസ്യമാണ്. ആറുമണി ആകുന്നതോടെ ടി വിയിരിക്കുന്ന ഹാളില്‍ സൂചി കുത്താന്‍ കൂടി ഇടമുണ്ടാകില്ല. ചുറ്റു വട്ടത്തുള്ള ആളുകളെല്ലാം നേരത്തേ പണിയെല്ലാം കഴിച്ച് അവിടെയെത്തും..പിന്നെ ഏട്ടര വരെ ഒരു സിനിമാ തിയേറ്ററിന്റെ പ്രതീതി. കൈയ്യടികള്‍,ചിരികള്‍, നേര്‍ത്ത ഏങ്ങി കരച്ചിലുകള്‍..

മാമന് ഇതെല്ലാം കണ്ട് മനസു നിറഞ്ഞു. പക്ഷേ ടി വി കാണാന്‍ വരുന്ന പൊടി പിള്ളാരൊക്കെ അവിടെ തന്നെ കാര്യസാധ്യം നടത്തുകയും ഷോ കേയ്സിലെ സാധനങ്ങള്‍ ഓരോന്നായി കാണാതാകുകയും ചെയ്തതോടെ ശനിയാഴ്ച്ചകള്‍ ഒരു പേടി സ്വപ്നമാകാന്‍ തുടങ്ങി.

അങ്ങനെയിരിക്കേ ഒരു ശനിയാഴ്ച്ച പടം തുടങ്ങി പത്തു പതിഞ്ചു മിനിറ്റായപ്പോഴേക്കും ടിവി ഓഫ് ആയിപ്പോയി. ഉടനെ മാമന്‍ ചെന്നു പരിശോധിച്ചു.

“ഇതിന്റെ ബള്‍ബ് ചൂടുകാരണം അടിച്ചു പോയി” എന്ന് മാമന്‍.

ടിവിയെയും ബള്‍ബിനെയും പ്രാകികൊണ്ട് എല്ലാവരും പുറത്തു പോയി. ഒരു ആറരയായപ്പോഴേക്കും ടി വി ഒന്നും ചെയ്യാതെ തന്നെ ഓണ്‍ ആയി.

പിന്നെയും പല ആഴ്ച്ചകളിലും ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്നിലെ ഡിറ്റക്ടീവ് ഉണര്‍ന്നു. ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. എപ്പോ ടി വീടെ ബള്‍ബ് അടിച്ചു പോകുമ്പോഴും അച്ഛാച്ചനെ കസേരയില്‍ കാണില്ല. പിറ്റെ ആഴ്ച്ച എന്റെ കണ്ണുകള്‍ അച്ഛാച്ചനെ ചുറ്റി പരതി നടന്നു.

അങ്ങനെ പിന്നത്തെ ആഴ്ച്ച സിനിമ തുടങ്ങി, ഒരു പത്തു പതിനഞ്ചു മിനിറ്റാകുമ്പോ അച്ഛാച്ചന്‍ പതുക്കെ എണീറ്റ് കിച്ചണിലേക്ക് പോയി. പിന്നാലെ ഞാനും. ഞാന്‍ നോക്കുമ്പോഴുണ്ട് ടിവി യുടെ പവര്‍ കണക്റ്റു ചെയ്തിരിക്കുന്ന എക്സ്റ്റന്‍ഷന്‍ വയര്‍ വലിച്ചൂരുന്നു.

“ദേ ഈ അച്ഛാച്ചനാ...” എന്നു പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ എന്നെ കണ്ട അച്ചാച്ചന്‍ ചുണ്ടോടു വിരല്‍ ചേര്‍ത്ത് ശൂ എന്നു കാണിച്ചു.

മാ‍മന്റെ ഐഡിയ ആയിരുന്നത്ര അത്. ടി വി കാണാന്‍ വരുന്ന കള്ളന്‍മാരുടെ ശല്യം ഒഴിവാക്കാന്‍ കണ്ടു പിടിച്ച ഒരു വഴി. പലപ്രാവശ്യം ടി വിയുടെ ബള്‍ബ് കേടായതോടെ പലരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുകയും കാലക്രമേണ അനവധി ടിവികള്‍ ചുറ്റുപാടും രംഗപ്രവേശം ചെയ്യുകയും ചെയ്തതോടെ ശനിയാഴ്ച്ചകളിലെ തിരക്ക് ഒരു ഓര്‍മ്മയായി മാറി.

പിന്നെ കുറേ കാലത്തേക്ക് അവിടങ്ങളില്‍ ടി വി കേടായി എന്നു പറഞ്ഞാല്‍ ആദ്യത്തെ ചോദ്യം

“ ടി വിടെ ബള്‍ബ് അടിച്ചു പോയോ? ” എന്നായിരുന്നത്രേ...

(ഏതു ബള്‍ബ്? ഇപ്പോഴും സംശയം )