Wednesday, August 20, 2008

കായിക്കാ‍യും നാരങ്ങാമിഠായിയും - ഒരോര്‍മ്മ

ഇത് ഡിസംബര്‍. കായിക്ക ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുന്നു...

എനിക്ക് നാലു വയസുള്ളപ്പോഴാണ് അച്ഛന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റം ആയത്. കൂടും കുടുക്കയുമായി അങ്ങനെ പെരിന്തല്‍മണ്ണയിലേക്ക് മാറി. പക്ഷേ തൃശൂരു നിന്നും പെട്ടെന്നുള്ള പറിച്ചുനടലും അവിടെയുള്ള ഭാഷയുടെ വ്യത്യാസവും കൂട്ടുകാരില്ലാത്തതും എല്ലാം കൊണ്ട് പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ എന്റെ കുഞ്ഞു മനസിനു കഴിഞ്ഞില്ല.

അച്ഛന് അവിടെ ആദ്യമായി ലഭിച്ച സുഹൃത്തുക്കളില്‍ ഒന്നായിരുന്നു കായിക്ക. ഉയരം കുറഞ്ഞ് കുറച്ചു കറുത്ത്, നരച്ച താടിയും നെറ്റിയില്‍ നിസ്ക്കാര തഴമ്പുമായി ബീഡി കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചിരുന്ന കായിക്ക. കായിക്കയെ വല്യ പേടിയായിരുന്നു.

അവധി ദിവസങ്ങളില്‍ രാത്രിയേറെ നീളുന്ന അവരുടെ സംഭാഷണങ്ങളും അതിനിടയുള്ള കായിക്കായുടെ ഉറക്കെയുള്ള പൊട്ടിച്ചിരികളും എന്നെ വല്ലാതെ അലോസരപ്പെടുത്തി. എപ്പോള്‍ വരുമ്പോഴും മുണ്ടിന്റെ കോന്തലയില്‍ ഒരു പൊതി‍ നാരങ്ങാമിഠായിയും ഉണ്ടായിരുന്നു, ഞാന്‍ വാങ്ങില്ലെങ്കിലും.

ഒരു ദിവസം അച്ഛനെയും താങ്ങിപ്പിടിച്ചുകൊണ്ടാണ് കായിക്ക വീട്ടില്‍ വന്നത്. സൈക്കിളില്‍ നിന്നും വീണതായിരുന്നു അച്ഛന്‍. ഈ സംഭവത്തോടെ കായിക്കയോടുള്ള എന്റെ മനോഭാവത്തില്‍ മാറ്റം വന്നു. കുറേശേ ഇഷ്ടപ്പെടാനും തുടങ്ങി. ക്രമേണ കായിക്കായുടെ വരവ് ഞാന്‍ ആഗ്രഹിച്ചു തുടങ്ങി. അവധി ദിവസങ്ങള്‍ക്കാ‍യി ഞാന്‍ കാത്തിരുന്നു. കൂട്ടുകാരില്ലാത്ത ഊഷരഭൂമിയില്‍ ഞാനൊരു പുതിയ കൂട്ടുകാരനെ കണ്ടെത്തുകയായിരുന്നു. ചില ദിവസങ്ങളില്‍ കായിക്ക അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സൈക്കിളിന്റെ മുമ്പിലെ തണ്ടില്‍ കായിക്കായുടെ കൈകള്‍ക്കുനടുവില്‍ വിയര്‍പ്പുമണവും ശ്വസിച്ച് നാട്ടുവഴികളിലൂടെയുള്ള ആ യാത്ര അത്രയേറെ രസകരമായിരുന്നു. കായിക്കാക്ക് മക്കളെന്നും ഉണ്ടായിരുന്നില്ല അതിനാലാകണം..

കായിക്കാടെ ബീവി തരുന്ന പത്തിരിയും ഇറച്ചികറിയും പിന്നെ അതൊടോപ്പമുള്ള പ്രവാചകരുടെ കഥകളും കേട്ടിരിക്കുമ്പോഴേക്കും കൈ നിറയെ കശുമാങ്ങയുമായി കായിക്കവരും. പറമ്പിനോട് ചേര്‍ന്ന് വിശാലമായ കശുമാവിന്‍ തോട്ടമാണ്..കശുമാങ്ങയുടെ പകുതി ചാറ് ഞാനും ബാക്കി പകുതി എന്റെ ഷര്‍ട്ടും വീതിച്ചെടുക്കും..

ഇതിനിടയില്‍ അച്ഛന് തൃശൂര്‍ക്ക് തിരിച്ച് മാറ്റം കിട്ടി. സാധനങ്ങളെല്ലാം കേറ്റി വിട്ട് ഞങ്ങളെ യാത്രയയക്കാന്‍ കായിക്കയും വന്നിരുന്നു. ബസ്സ് വരുന്നവരെ എന്നെ ചേര്‍ത്ത് പിടിച്ചു, വാത്സല്യത്തോടെ തലയില്‍ തലോടി. ആ കണ്ണുകളിലെ വെള്ളി വെളിച്ചം ശ്രദ്ധിക്കാനുള്ള പ്രായം എനീക്കുണ്ടായിരുന്നില്ല.

തൃശൂരെത്തി പഴയ കൂട്ടുകാരെ കിട്ടിയതോടെ കായിക്ക ഞാന്‍ മറന്നു തുടങ്ങി. മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ഉച്ചക്കുള്ള ഊണ് കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ഞാന്‍ കായിക്കയുടെ ചിരികേട്ടാ‍ണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ മുറ്റത്ത് കായിക്ക. എന്നെ കണ്ടതും മുണ്ടിന്റെ തലയില്‍ നിന്നും പൊതിയെടുത്ത് നീട്ടി. പിന്നെയും കുറേ കാ‍ലം കായിക്ക ഇങ്ങനെ വരുമായിരുന്നു. മിക്കവാറും ചെറിയ പെരുന്നാള്‍ കഴിഞ്ഞ സമയങ്ങളില്‍, കൈ നിറയെ എന്തെങ്കിലും പലഹാരങ്ങളുമായി. കൂടുതല്‍ വയസ്സായതോടെ വരവു നിലച്ചു.

ഏറ്റവും അവസാനമായി കാണുന്നത് 2001 ല്‍ ആയിരുന്നു. ഡയബറ്റിസ് മൂ‍ലം പഴുത്ത കാല്‍ മുറിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍. വളരെ ക്ഷീണിതനായിരുന്നു അപ്പോള്‍, മുഖത്തെ പ്രസാദമെല്ലാം നഷ്ടപ്പെട്ട്..

അതിനു ശേഷം നീണ്ട അഞ്ചു വര്‍ഷങ്ങള്‍...ഇവിടത്തെ ജോലിത്തിരക്കുകള്‍ക്കിടയില്‍ ഒരിക്കലും കായിക്കാനെ ഓര്‍ത്തില്ല. കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത അച്ഛന്‍ എന്നെ അറിയിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അവസാനമായി ഒരു നോക്കു കാണാന്‍ കൂടി കഴിഞ്ഞില്ല..

ഇപ്പോഴും ചില രാത്രിസ്വപനങ്ങളില്‍ കായിക്ക വരാറുണ്ട്...മുണ്ടിന്റെ കോന്തലയില്‍ മിഠായി പൊതിയുമായി..

ഉപ്പുചാക്കും പോലീസും പിന്നെ ഒരാമ്പുലന്‍സും

ആദ്യഭാഗം ദിവടെ


ജനുവരി ഒന്ന്. മഞ്ഞിന്റെ കുളിരില്‍ ബാംഗ്ലൂര്‍ നഗരം..


ചുരുണ്ടു കൂടികിടക്കുന്ന കമ്പിളിക്കുള്ളില്‍ അമീബയെപോലെ കിടന്ന് ചില നേരമ്പോക്കുകള്‍ സ്വപ്നം കാണുകയായിരുന്ന ഞാന്‍ വൃത്തികെട്ട ഒരു ശബ്ദം കേട്ട് പെട്ടെന്നു ഞെട്ടിയുണര്‍ന്നു. തൊട്ടുമുന്നില്‍ ഒരു ഭീകരരൂപം. ഒരു പോത്തിനായി ഞാന്‍ ചുറ്റും നോക്കി. ഇല്ല..ഇല്ല..അപ്പോ കാലനല്ല. ഒന്നുകൂടി കണ്ണുതിരുമ്മിനോക്കി.

സൂപ്പര്‍മാനെ പോലെ ഉപ്പുചാക്കു നില്‍ക്കുന്നു. പകല്‍ സമയങ്ങളില്‍ മുണ്ടായും രാത്രികാലങ്ങളില്‍ പുതപ്പായും രൂപാന്തരം പ്രാപിക്കുന്ന അവന്റെ ഉടുതുണി അഥവാ ഉടുവസ്ത്രം അഥവാ ലുങ്കി(കട. ഫ്ഹാദ്രര്‍‌ ഡെക്കാന്‍) അപ്പോഴും പുതപ്പിന്റെ അവസ്ഥ വിട്ടിരുന്നില്ല.


“കുഴഞ്ഞല്ല്ലോ ഭഗവന്‍..എന്റെ ഈ വര്‍ഷം” പുതുവര്‍ഷ കണി കണ്ട് നെഞ്ചില്‍ നിന്നും ഒരു തേങ്ങലുയര്‍ന്നു


ഉപ്പുചാക്കിനെ ഒന്നു വിശദമായി നോക്കി. ആകെപ്പാടെ ഒരു വശപ്പിശക്. ഒരു കൈ കൊണ്ട് കിളിക്കൂടുപോലുള്ള തല ചൊറിയുന്നു. മറു കൈ നീട്ടി പിടിച്ചിരിക്കുന്നു. ഒരു പരശുരാമന്‍ സ്റ്റൈല്‍ (മൈനസ് കോടാലി).

“എന്തരടേയ്..കാലത്തു തന്നെ ഒറക്കം കളയാനായിട്ട്..ശല്യം” വെറുപ്പോടെ ഞാന്‍ ചോദിച്ചു.

“എടാ ഇന്നു ജനുവരി ഒന്ന്. എന്തേലും റെസലൂഷന്‍ എടുക്കണ്ടേ”

“ഓ..വേണം വേണം..ഇതു നമ്മളെത്ര കണ്ടിരിക്കുന്നു.” തലവഴി പുതപ്പുവലിച്ചിട്ട് വീണ്ടും ഉറങ്ങാന്‍ കിടന്നു.

“നാളെ മുതല്‍ കളരി തുടങ്ങും. വിത്തിന്‍ സിക്സ് മന്ത്സ് എന്റെ വയര്‍ കുറയ്ക്കും..ഇതില്‍ ഒരു മാറ്റവും ഉണ്ടാകില്ല..ഇതു സത്യം...സത്യം...അ സത്യം” ഉപ്പു ചാക്കിന്റെ റെസലൂഷന്‍ അവിടെയെങ്ങും മറ്റൊലി കൊണ്ടു.

“കാള വാലുപൊക്കുമ്പോള്‍ അറിഞ്ഞൂടെ... നിന്റെ ഗ്രൂപ്പില്‍ ഒരു പുതിയ പെണ്‍കൊച്ച് ജോയിന്‍ ചെയ്തതൊക്കെ ഞാന്‍ അറിഞ്ഞു”

“അതൊന്നും അല്ലടെയ്...ഹെല്‍ത്ത് ഈസ് വെല്‍ത്ത്”

ഇത് കുറേ നടന്നതു തന്നെ... എന്റെ മനസു പറഞ്ഞു. മലര്‍ന്നു കിടന്നാല്‍ റോഡിനു ഹമ്പ് വെച്ചപോലെ. നിവര്‍ന്നു നിന്നാല്‍ തംബുരു വിഴുങ്ങിയതുപോലെ.. കമിഴ്ന്നുകിടന്നാല്‍ സീസോ... ഈ നിലക്ക് പോയാല്‍ ഇന്നസെന്റിനെ പുറത്താക്കി മാവേലി പട്ടം ഇവന്‍ തന്നെ അടിച്ചുമാറ്റും.


എടാ നീയും വാ... ഉപ്പു ചാക്ക് സ്നേഹപൂര്‍വ്വം ക്ഷണിച്ചു.

ഞാനോ..കളരിയോ..നോ..നോ അതിനേക്കാള്‍ സ്നേഹപൂര്‍വ്വം ഞാനത് നിരസിച്ചു.

വാടേയ്..നിന്റെ ബ്ലോഗ് വായിച്ച് ആരേലും തല്ലാന്‍ വന്നാല്‍ ഉപകരിക്കും...ഉപ്പു ചാക്ക് മൊഴിഞ്ഞു

ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്താനിമഗനനായി.പിന്നെ കളരിയില്‍ പോകാന്‍ തീരുമാനിച്ചു.


പിറ്റേ ദിവസം കാലത്ത് ആറുമണിക്കു തന്നെ ഉപ്പ്ചാക്ക് വിളിച്ചെഴുന്നേല്‍പ്പിച്ചു. ഒടുക്കത്തെ തണുപ്പ്. ഞാന്‍ ജെര്‍ക്കിനും മങ്കിക്യാപ്പും ഗ്ലൌസും ജീന്‍സുമൊക്കെയിട്ട് പുറത്തിറങ്ങി.‍ ഉപ്പുചാക്കാണേല്‍ ഒരു സീധാ സാധാ(കട.പച്ചാളം)ടീ ഷര്‍ട്ടും ബര്‍മുഡയും മാത്രം. ശിഖണ്ഡിയുടെ പുറകില്‍ അര്‍ജ്ജുനന്‍ നിന്നപോലെ ഉപ്പുചാക്കിന്റെ പുറകില്‍ ഞാനിരുന്നു, വണ്ടിയോടുമ്പോള്‍ വീശിയടിക്കുന്ന മഞ്ഞുകാറ്റില്‍ നിന്നും രക്ഷ‍നേടാന്‍.

-----

ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു വീണു. ഗ്രൂപ്പിലെ പുതിയ പെണ്‍കുട്ടിയുമായി സംസാ‍രിക്കുമ്പോള്‍ അറിയാതെ ഒരു കോട്ടുവായിട്ടെന്നും അതില്‍ പിന്നെ അവനെ കാണുമ്പോള്‍ ആ കൊച്ച് ഒഴിഞ്ഞുമാറി പോകുന്നതായും ഉപ്പുചാക്ക് സങ്കടം പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ കളരിയില്‍ പോകാനുള്ള ഉപ്പുചാക്കിന്റെ ആവേശം കമെന്റ് കിട്ടാത്ത ബ്ലോഗറെ പോലെ കുറഞ്ഞു കുറഞ്ഞു വന്നു.

ഒരു ദിവസം കാലത്ത് പതിവുപോലെ മാര്‍ത്തഹള്ളിയിലേക്ക് ഉപ്പുചാക്കിന്റെ കൂടെ‍ യാത്ര തിരിച്ചു. മാര്‍ത്തഹള്ളി ജംക്ഷനു തൊട്ടു മുമ്പ് വച്ച് പോലീസ് പട്രോള്‍ കൈ കാണിച്ചു. കിടക്കപ്പായീന്നെഴുന്നേറ്റ് മുഖം കൂടി കഴുകാതെയുള്ള പോക്കല്ലേ, വല്ല തരികിട ടീമാണെന്നു വിചാരിച്ചു കാണണം.

അവര്‍ക്ക് ബ്രെത്ത് അനലൈസ് ചെയ്യണമെന്ന്. ഉപ്പ് ചാക്കിനോട് കൂടെയുള്ള പോലീസുകാരന്റെ മുഖത്തേക്ക് ഊതാന്‍ പറഞ്ഞു. അല്ലെങ്കിലേ വായ്‌നാറ്റമുള്ളവന്‍ ഇപ്പോ പല്ലും തേച്ചിട്ടില്ല. നല്ലപോലെ ശ്വാസം ഉള്ളിലേക്കെടുത്ത് കൊടുങ്കാറ്റുപോലെ ഒരു ഊത്ത്.

ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.........

ആ പോലീസ് ചേട്ടന്റെ മുഖത്ത് എക്സ്ട്രാ ഫിറ്റിങ്ങ് പോലെയുള്ള കൊമ്പന്‍ മീശയുടെ കൊമ്പുകള്‍, വാടിയ ചേമ്പിന്‍ തണ്ടു പോലെ, സ്ലോമോഷനില്‍ താഴേക്ക് വരുന്നതും ആസ്തമയുള്ളവരെ പോലെ ജീവ വായുവിനു വേണ്ടി ആഞ്ഞു വലിക്കുന്നതും കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് മറിയുന്നതും ഞങ്ങള്‍‍ കണ്ടു.

ഒരു കറുത്ത തണ്ടര്‍ബേഡില്‍ ഞങ്ങള്‍ കളരി ലക്ഷ്യമാക്കി കിഴക്കോട്ട് പ്രയാണം തുടരുമ്പോള്‍ ഒരു വെളുത്ത
ആമ്പുലന്‍സ് ആ പോലീസുകാരനെയും വഹിച്ചുകൊണ്ട് മണിപ്പാല്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി പടിഞ്ഞാട്ട് കുതിച്ചു പായുകയായിരുന്നു.


ഉപ്പുചാക്കിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല....തൊടരും