Monday, December 14, 2009

ഗെറ്റ് ഔട്ട് സ്കൂള്‍

“ഹെയ് വിശാല്‍ കമോണ്‍ ....ഗെറ്റ് ഡൌണ്‍..ഗുഡ് ബോയ്..ദി ഈസ് യുവര്‍ സ്കൂള്‍.. ഹൌ ഈസ് ഇറ്റ്?“

“നല്ലാരുക്ക് അമ്മാ”

“വിശാല്‍ ഐ ടോള്‍ഡ് യു.. ഡോണ്ട് സ്പീക്ക് ദാറ്റ് ലാങ്ഗേജ്ജ്”

“സോറി അമ്മാ”

“നോ സോറി മമ്മി...ടെല്‍”




ഇത് സ്കൂള്‍ പ്രവേശനങ്ങളുടെ(ഒന്നാം ക്ലാസ്)സമയമാണ്. ബാംഗ്ലൂരിലെ പ്രശസ്തമായ വിദ്യാലയങ്ങളുടെ മുമ്പിലെല്ലാം വാഹനങ്ങളുടെ നീണ്ട വരി കാണാം. വാഹനങ്ങളില്‍ പിള്ളേര്‍സുമായി ഇറങ്ങുന്ന മാതാപിതാക്കള്‍... അവരുടെ മുഖത്തുള്ള ടെന്‍ഷന്‍... കുട്ടികളുടെ ടെന്‍ഷന്‍... അഡ്മിഷന്‍ കിട്ടാതെ മക്കളെ ചീ‍ത്ത പറഞ്ഞ് പുറത്തേക്കു വരുന്നവര്‍. എത്രയെത്ര കാഴ്ചകള്‍..

ഇത്രയും പറയാന്‍ കാരണം ഒരു സുഹൃത്തിന്റെ മകനു സ്കൂള്‍ പ്രവേശനത്തിനു ഇന്റര്‍വ്യൂ (ഭയങ്കരം) ഇന്നായിരുന്നു. പക്ഷേ അഡ്മിഷന്‍ കിട്ടിയില്ല. കാരണം ഇംഗ്ലീഷിനു സ്റ്റാന്‍ഡേര്‍ഡ് പോരത്രേ. അപ്പോ പിന്നെ സ്കൂളില്‍ എന്തര് പഠിപ്പിക്കണ് പുള്ളേ എന്നു ചോദിക്കാര്‍ന്നില്ലേന്നു ഞാന്‍ സുഹൃത്തിനോടു ചോദിച്ചു. ചന്തീലെ ചോപ്പു മാറാത്ത ഇത്തിക്കോളം പോന്ന പിള്ളേര്‍സിനോടു “കൌണ്ട് ഫ്രം വണ്‍ ടു ഹണ്ട്രഡ്”, “ടെല്‍ എബൌട്ട് യുവര്‍സെല്ഫ്”, “ഹു ഈസ് ടെക്സാസ് ഗവര്‍ണര്‍“ എന്നൊക്കെ ചോദിച്ചാല്‍ വണ്ടറിടിച്ച് നില്‍ക്കുകയെ വഴിയുള്ളൂ..

ഇവിടെ ചില സ്കൂളുകളില്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടണമെങ്കില്‍ മാതാപിതാക്കള്‍ മാസ്റ്റേര്‍സ് ആയിരിക്കണമത്രേ?. മാതൃഭാഷ സ്കൂളില്‍ മാത്രമല്ല, വീട്ടിലും പറയാന്‍ പാടില്ല. മാതൃഭാഷ അറിയാതെ നമ്മുടെ സംസ്കാരം എങ്ങനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയും എന്നുള്ളത് ചിന്തനീയമാണ്.

ഇത്തരം വിദ്യാലയങ്ങളുടെ ഉദ്ദേശ്യശുദ്ധി വളരെ വ്യക്തമാണ്. കുട്ടികളെ ഫില്‍റ്റര്‍ ചെയ്തെടുക്കുക. അതുവഴി വിജയം നൂറുശതമാനം എന്നത് എല്ലാവര്‍ഷവും ആവര്‍ത്തിക്കുക..പ്രശസ്തമാകുക. ഡൊണേഷന്‍ കൂട്ടുക.. ദാറ്റ്സ് ആള്‍.

ഡൊണേഷന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. വെറും ഒരു ലക്ഷം. പിന്നെ ട്യൂഷ്യന്‍ ഫീസ്..ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ്...ടൈ ടേബിള്‍ ഫീസ്..എന്നുവേണ്ട കണ്ടതിനൊക്കെ ഫീസ്..

എന്തായാലും ഒരു കാര്യത്തില്‍ സമാധാനമുണ്ട്. സ്കൂളുകളില്‍ പിള്ളാര്‍ക്ക് മാത്രമെ ഇന്റര്‍വ്യൂ ഉള്ളൂ. മാതാപിതാക്കള്‍ക്ക് ഇല്ല. അതെങ്ങാനും ഉണ്ടെങ്കില്‍ ന്റെ പിള്ളാര്‍ക്ക് ഈ ജന്മത്ത് സ്കൂളില്‍ അഡ്മിഷന്‍ കിട്ടൂല്ല. മാത്രമല്ല എന്റെ ഇംഗ്ലീഷ് കേട്ട് ചിലപ്പോ വെടിവെച്ചു കൊന്നേക്കാനും സാധ്യത ഇല്ലാതില്ല.