Saturday, October 11, 2014

വെടിക്കഥകൾ


ഹെൽമറ്റ് ഹെഡ്ഡിനു വെറുമൊരു അലങ്കാരമാണെന്ന മിഥ്യാധാരണകൾ വച്ച് പുലർത്തിവന്ന ആത്മമിത്രം നിർത്തിയിട്ട ലോറിയുടെ പിന്നാമ്പുറത്ത് തഴമ്പുണ്ടാക്കി, ഒരാഴ്ച്ചയോളം ഐ സി യുവിൽ കിടന്ന് കാലനും ഡോക്ടേഴ്സിനും കൂടി ഒരു വടംവലി മത്സരത്തിനുള്ള സ്കോപ്പും ഉണ്ടാക്കി, ഐ.സി.യുവിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒന്നു പോയി കാ‍ണാമെന്നു വച്ചത്, രണ്ടു വർഷം മുമ്പ് കടം വാങ്ങിയ രണ്ടായിരത്തി അഞ്ഞൂറു രൂപയെ പറ്റി ഓർമ്മിപ്പിക്കണം എന്ന സദുദ്ദേശ്യത്തോടെ മാത്രമായിരുന്നു

ലീവും അപ്ലൈ ചെയ്ത് മാനേജറുടെ മനസ്സിലെ പച്ചത്തെറികൾ ടെലിപ്പതിയിലൂടെ പിടിച്ചെടുത്ത് ഡീകോഡ് ചെയ്ത് പുളകിതനായി, നഗരത്തിരക്കിലൂടെ ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും സന്ദർശന സമയം കഴിഞ്ഞ് വെറും അഞ്ചു മിനിറ്റ്. കപ്പിനും ലിപ്പിനും ഇടയ്ക്ക് നഷ്ടപ്പെടുന്ന വേദന... ഹോ...

റിസപ്ഷനിൽ നിന്നും ഉള്ളിലോട്ടു കയറുന്ന വാതിൽക്കൽ വച്ച് നോമിനെ ക്രൂർ സിങ്ങിന്റെ കൊച്ചാപ്പാന്റെ ലുക്കുള്ള സെക്യൂരിറ്റി ചേട്ടൻ തടഞ്ഞു.

“സന്ദർശന സമയം കഴിഞ്ഞു. ഇനി ഉള്ളിൽ പോകാൻ പറ്റില്ല.”

മയത്തിൽ പറഞ്ഞാൽ മാതേവനും മനസ്സിലാകും എന്നാണല്ലോ!!!

കീശയിൽ കയ്യിട്ട്, സെക്യൂരിറ്റി ചേട്ടനെ കടക്കണ്ണുകൊണ്ട് കടാക്ഷിച്ച് ആകർഷിക്കാനുള്ള ശ്രമം വിഫലമായി വിഷണ്ണനായിരിക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. ഔറ്റ്പേഷ്യന്റ് ഡിപ്പാർട്ട്മെന്റും ഉള്ളിലായതിനാൽ ഡോക്ടറുടെ പേരിൽ എടുത്തിരിക്കുന്ന റെജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ ഉള്ളിൽ കയറാം.

പിന്നെ അമാന്തിച്ചില്ല. നോട്ടീസ് ബോർഡിലുള്ള ഡോക്ടേർസ് ലിസ്റ്റ് ഒരു തവണ സ്കാൻ ചെയ്തു. തലമുടി അൽകുൽത്താക്കി, ടക്ക് ഇൻ ചെയ്ത ഷർട്ട് പുറത്തോട്ടിട്ട് മോക്ഷം നൽകി, രണ്ട് കുടുക്കും ഊരി, വക്രിച്ച മുഖവുമായി സെക്യൂരിറ്റി ചേട്ടന്റെ മുന്നിലെത്തി സൈക്യാട്രിക്ക് ഡോക്ടറുടെ പേരു പറഞ്ഞതും നോമിനെ ഉള്ളിലേക്ക് ആനയിച്ചതും സെക്കന്റിന്റെ ആയിരത്തിലൊരംശം കൊണ്ടായിരുന്നു, കാർഡ് പോലും ചോദിച്ചില്ല....

No comments: